Thursday, July 7, 2011

പിതൃ തര്‍പ്പണം .. (കവിത )

പിതൃ തര്‍പ്പണം .. (കവിത )

അച്ഛന്റെ മടിയില്കിടന്നു
ഞാനാകാശത്തെ
നോക്കികാണുകയായിരുന്നു
ശതകോടി നക്ഷത്രങ്ങളെ
ചൂണ്ടിയച്ഛന്‍ പറഞ്ഞു
സ്വപ്നം കാണുക നീ മതിവരുവോളം
ചോതിനക്ഷത്രത്തെ കാട്ടിയച്ഛനെന്‍
ചെവിയില്‍ മന്ത്രിച്ചു
പ്രകാശം പരത്തുക നിയെന്നുമെന്നും

ചൂണ്ടാണി വിരലില്‍പ്പിടിച്ചു
കുന്നായ കുന്നൊക്കെ കേറുമ്പോള്‍
കിതച്ചുകൊണ്ടാണെങ്കിലുമച്ഛനെന്‍
ചെവിയില്‍ പറഞ്ഞതിത്രമാത്രം
കുന്നുകളുണ്ടാകുന്നതും
ഇല്ലാതാകുന്നതുമെങ്ങിനെയെന്നു
കണ്ടു പഠിക്കുക നീയ്

ജീവിതത്തിന്റെ നിത്യദുരിതങ്ങളിലേക്കു
ഒരുപക്ഷെയച്ഛന്‍
വിരല്‍ ചൂണ്ടിയതായിരിക്കാമതു.

ഈ പുഴയോരത്തെന്‍ മടിയില്‍
തലചായ് ച്ചു കൊണ്ടച്ഛന്‍ പറഞ്ഞു
നോക്കൂ , യീവര്‍ഷകാല വേളയില്‍
പുഴകള്‍ നിറഞൊഴുകുന്നതു
ചെടികളും പുല്‍ക്കൊടികളും
പച്ചപ്പരവതാനി വിരിക്കുന്നതും

ഇത് നിന്റെ നിറ യവ്വനം
കരകള്‍ കവിഞൊഴുകാതെ
കാത്തുസൂക്ഷിക്കുക നിന്നെ നീയ്..


കാലമേറെ കഴിഞ്ഞു
വേനലും വര്‍ഷവും മാറിമാറിവന്നു
ഒരു നീണ്ട നിശ്വാസത്തില്‍
പോയ കാലത്തെയുഴിഞ്ഞുകൊണ്ടു
ഇടറിയ തൊണ്ടയില്‍ കുടുങ്ങിയ
കഫക്കെട്ടാഞ്ഞു തുപ്പിയച്ഛന്‍ പറഞ്ഞു
നോക്കൂ , യീയഴിമുഖത്തെ നീയ്

തിമര്‍ത്താടിയ പുഴയില്ലാതവുന്നതു
കടലിലതില്ലതാവുന്നതു.........
ഒരു പൂവുപോലും ബാക്കിവെക്കാതെ
വസന്തങ്ങെളാഴിഞ്ഞു മാറുന്നതും
കാണുക നീയതു നിന്‍ കണ്ണൂ നിറയെ ..!!

മരണ വീട് .. ( കവിത )

മരണ വീട് .. ( കവിത )


ദുഃഖം അണ പൊട്ടുകയാണ്
മക്കളും പേരമക്കളും നെഞ്ചില്‍
കൈ തല്ലിയാര്‍ത്തു കരയുന്നു

അച്ഛന്, മുത്തച്ഛനു
പോയ കാലത്തിലൊന്നും സ്വസ്ഥത
യൊട്ടും കൊടുത്തില്ലയെന്നോര്‍ത്തു
മനസ്സിലെ വിങ്ങലൊരു തേങ്ങലായി
പിന്നെ യതൊരു പൊട്ടിക്കരച്ചിലും

കൊടിയിലക്കീറില്‍ ഒരു പിടിയുണക്കലരി
അതിന്‍ നടുവില്‍ പാതികീറിയ തേങ്ങ
യതില്‍ നെയ്‌ ത്തിരി കത്തി ജ്വലിക്കുന്നു
സാമ്രാണി, രാമച്ചം , ചന്ദനത്തിരി
ധൂപമാകെ പടരുന്നൂ മുറിയില്‍
കുളിപ്പിച്ചീറനാക്കി വെള്ളതുണി കൊണ്ടു

പുതപ്പിച്ചുവച്ഛനെ യാരോ
അച്ഛനുറങ്ങുകയാണ് ഇനിയൊരിക്കലു
മുണരേണ്ടതില്ലെന്നൊരു വാശിയുണ്ടതില്‍
എങ്കിലുമൊരു ചിരി ബാക്കി വെച്ചുവച്ഛനാ മുഖത്തു

ഈക്കണ്ട ദൂരമൊക്കെ താണ്ടിയില്ലേ
വെട്ടിപിടിച്ചതെല്ലാം കൈവിട്ടു പോയില്ലേ
അവസാനമീയാത്രയില്‍ കൊണ്ടു പോകുവാന്‍
കയ്യിലൊന്നുമില്ലല്ലയെന്നോര്‍ത്തൂ ചിരിച്ചു.,

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ക്കവസാന
ശ്വാസം വരെയായുസ്സെന്നോര്‍ത്തു ചിരിച്ചു
അല്ലെങ്കിലതു തന്നപദാനങ്ങള്‍
ചൊല്ലുന്നതു കേട്ടു ചിരിച്ചതുമാവാം

ജിവിച്ചിരിക്കുമ്പോള്‍ തെറ്റു
കുറ്റങ്ങളില്ലാത്ത മനുഷ്യരുണ്ടോ
യീലോകത്ത് ജിവിച്ചതെന്നുമാവമതു.

ഞണ്ട് ..( കവിത )

ഞണ്ട് ..( കവിത )

ഇല്ലാ രക്ഷപ്പെടുവാനാകതില്ല നിനക്കു
യെന്‍ കരങ്ങളില്‍ നിന്നു
ഇല്ലാ മോചനമൊട്ടുമില്ല നിനക്കീ
ജീവിതയാത്ര തീരും വരെ

രക്ഷപ്പെടുവാന്‍ പഴുതുകള്‍ തേടും
നിന്നുടലു ഞാന്‍ വരിഞ്ഞു മുറുക്കും
യെന്‍ ദൃഡമാം കരങ്ങള്‍ കൊണ്ടു
വിടില്ല നിന്നെ യവസാനം വരെ

നിന്നടുക്കളയില്‍ , ഓഫീസില്‍ കാണാ
ചരടായി പിറകെയുണ്ടെപ്പൊഴുമീ ഞാന്‍
കിടപ്പു മുറിയില്‍ ആളുന്ന നിന്‍ ചിന്തകളില്‍
വെള്ളമൊഴിച്ചു ചാരമാക്കുന്നതും ഞാന്‍

എന്തുപാപമെന്തുപാപം നിന്നോടു ചെയ് വത്
ഞണ്ടേ ചൊല്ലുക നിയതു ചൊല്ലുക
മധ്യ വര്‍ഗത്തില്‍ പിറന്നതോയെന്‍ തെറ്റു
ആശിച്ചിടാത്തതു ആശിച്ചതാണോയെന്‍ കുറ്റം

ആശകളധികമി ല്ലാത്തൊരെന്നെ
ആശിപ്പിച്ചതും നീ തന്നെയല്ലേ
ഇല്ലാത്ത കാശിനു വല്ലാതെ മോഹിപ്പിച്ചു
തീരാക്കുടുക്കില്‍ പെടുത്തിയതും നീയല്ലേ

നാട്ടിന്‍ പുറത്തു നിന്നും വന്നൊരെന്‍
ഭാര്യയെ പച്ച പ്പരിഷ്ക്കാരിയാക്കിയതും
ഒന്നുമറിയാത്തൊരെന്‍ കുഞ്ഞിന്‍
കഴുത്തില്‍ 'ടൈ' യെന്നൊരു ഉരാ
കുടുക്കിട്ടതും ഈക്കാണുന്ന കാറും
വീടുമൊക്കെ മോടി പിടിപ്പിച്ചെന്‍
തലയില്‍ കെട്ടിവെച്ചതും
നീ തന്നെയല്ലേ ഞണ്ടേ

വേണ്ടയെന്നു ഞാനെത്ര വട്ടം
കരഞ്ഞതാണെന്നോര്‍മ്മയുണ്ടോ നിനക്കു
ബാങ്കു ലോണായി പിന്നെ
വട്ടിപ്പലിശക്കാരന്‍ അന്ത്രുവായി
വട്ടം പിടിച്ചെന്നെ വട്ടത്തിലാക്കിയില്ലേ നീ

ശാട്യങ്ങള്‍ക്ക് മുന്നില്‍ യെന്‍
ജീവിതം തന്നെ നീ കവര്‍ന്നെടുത്തില്ലേ
ഇനിയെന്തുവേണം നിനക്കു ചൊല്ലുക
ഇനിയുള്ള കാലം നിന്‍ ദാസനായി
കാലം കഴിച്ചീടുക യതുയെന്‍ വിധി.

കിളി വന്നു പറഞ്ഞപ്പോള്‍.. (കവിത )

കിളി വന്നു പറഞ്ഞപ്പോള്‍.. (കവിത )


തറവാട് പറമ്പു
വീതം വെച്ചപ്പോളെനിക്കു കിട്ടിയതു
പടിഞ്ഞാറെ തൊടിയിലൊരഞ്ചു
സെന്റും അതിലൊരാഞ്ഞിലിയുമായിരുന്നു.

ജീവിതം
പാതി നടന്നു തീര്‍ത്തപ്പോള്‍
വടകവീടൊന്നൊഴിഞ്ഞു മാറാമിനി
ഒരു ചെറിയ വീട് ,അല്ല
തല ചായ്ക്കാനൊരു കൂടു
എന്റെ സ്വപ്നങ്ങള്‍ക്ക്
നിറം വെക്കയായിരുന്നുവപ്പോള്‍

ആയിരം തേജസ്സുള്ള സൂര്യനെ
വന്ദിച്ചു, ഞാനൊരു
നാളാഞ്ഞിലി വെട്ടുവാനായി പോയി
കടയ്ക്കലാദ്യത്തെ മഴു വീഴുമ്പോള്‍
തന്നെ യമ്മക്കിളി വന്നു പറഞ്ഞു

മകനെ ...
യിതെന്റെ കൂടാണു,വീടാണ്
പറക്കമുറ്റാത്തയീ കുഞ്ഞുങ്ങളെയും
കൊണ്ടെവിടെ പോകാനാണു ഞാന്‍

നിന്നെപോലെ യെനിക്കുമിതു
താവഴിയായി കിട്ടിയതാണെന്നതു
നീയുമോര്‍ക്കണം ....?
നാളെയിതെന്മക്കള്‍ ക്കോരോരൊ ശിഖര
ങ്ങളായി പകുത്തു കൊടുക്കേണ്ടതുമാണിതു

അടുക്കളയില്‍
കലങ്ങിയ കണ്ണുകളുമായി
എന്നമ്മ ഓര്‍മ്മയായെന്‍ മുന്നിലെത്തി
പുന്നെല്ലിന്റെ ആ മണമെന്നോടു പറഞ്ഞു
മകനെ നിനക്ക് വാടക വീട് മതിയെക്കാലവും
എന്തിനാ വെറുതെയൊരമ്മയുടെ
ശാപേമറ്റുവാങ്ങുന്നു നീയ് ..

വേണ്ട വെറുതെ, ഒരു ശാപമീ
തലയില്‍ കയറ്റീടെണ്ട,
വാടകവീട് തന്നെ മതി
യെന്നുമെക്കാലവുമെന്നു ഞാനും..

രാമേട്ടന്‍.. (കഥ )

രാമേട്ടന്‍.. (കഥ )


രാമേട്ടന്‍ , എഴുപത്തിയഞ്ചിനോടടുത്ത് പ്രായം കണ്ടാലത്രയൊന്നും തോന്നില്ല. പോതുപരിപാടികളിലും കല്യാണ ചടങ്ങുകളിലും ഇന്നും നിറസാന്നിധ്യം. യവ്വനത്തെ തേടുന്നത് പോലെ വെറുതെ തന്റെ കഷണ്ടി തലയില്‍ മുടിനാരുകള്‍ക്ക് വേണ്ടി പരതും. വെളുത്ത ഖാദി ജുബ്ബയും ഒറ്റമുണ്ടും വേഷം. സുസ്മേര വദനന്‍ ലോകം ഇടിഞ്ഞു വീണാല്‍ പോലും രാമേട്ടന്‍ ചിരി മുഖത്ത് നിന്നും മറയില്ല.

ഞങ്ങളുടെ നാട്ടിലെ ഓരോ കല്യാണത്തിനും രാമേട്ടനാണ് നടത്തിപ്പുകാരന്‍, സദ്യയുടെ ദേഹണ്ടം തൊട്ടു പെണ്ണിന് താലികെട്ടല്‍ ചടങ്ങ് വരെ ഓരോന്നിനും രാമേട്ടന്‍ കര്‍മ്മിയായി മുന്നിലുണ്ടാവും. അതുപോലെ മരണവീട്ടിലെ ആദ്യാവസാനക്കരനായും രാമേട്ടന്‍ ഉണ്ടാവും. ഒരു ദിവസം എന്റെ മകള്‍ എന്നോട് ചോദിച്ചു.. "ഇവിടെ എല്ലാ കല്യാണങ്ങളും നടത്തിച്ചു കൊടുക്കുന്നത് ഈ മുത്തച്ഛനാണല്ലേ? എന്റെ കല്യാണവും ഈ മുത്തച്ഛന്‍ തന്നെയാണോ നടത്തി തരുക?"
ചിരിയാണെനിക്ക് വന്നതെങ്കിലും അവളു പറഞ്ഞതിലും കാര്യമുണ്ട്. കാരണം ഈ രാമേട്ടന്‍ ഇനിയുമൊരുപാട് കാലം ജീവിക്കുമെന്നെനിക്കുറപ്പുണ്ട്. കാരണം അത്രയ്ക്ക് ആരോഗ്യവാനാണയാള്‍ .

ഏതു തിരക്കിനിടയിലും രാമേട്ടനെ കാണണമെങ്കില്‍ പെണ്ണുങ്ങളുടെ കൂട്ടത്തിലേക്ക് നോക്കണം. അവിടെ കയ്യും കാലുമിളക്കികൊണ്ട് നിന്ന് കസറുകയായിരിക്കുമയാള്‍ . ലാസ്യത്തിന്റെ, ശൃങ്കാരത്തിന്റെ ആയിരമോളങ്ങള്‍ അലതല്ലുകയായിരുക്കും ആ മുഖത്തപ്പോള്‍.ഇത് രാമേട്ടന്റെ സ്റ്റൈല്‍.

അസുയാലയുക്കളായ ഞങ്ങള്‍ പാത്തും പതുങ്ങിയും നിന്ന് ഓരോരോ കമന്റുകള്‍ പറയുന്നുണ്ടാവാം, ഇത് രമേട്ടനുമറിയാം. എങ്കിലും രാമേട്ടന്‍ അയളുടെതായ ന്യായങ്ങളുണ്ട് .

അപ്പോള്‍ തിരിച്ചൊരു ചോദ്യമായിരിക്കാം അയാളുടെത് - സാധാരണ നിങ്ങള്‍ ചെറുപ്പക്കാര്‍ ഒരു പാട് പെണ്കുട്ടികളെ സ്വപ്നംകണ്ടുകൊണ്ടിരിക്കുന്ന ഈ പ്രായത്തില്‍ ഒരുപാട് പെണ്കുട്ടികള്‍ എന്നെ സ്വപ്നം കാണുകയണുണ്ടായതെന്നോറ്ക്കണം.

ചടുലമായ ഒരു താളത്തില്‍ വ്യങ്ഗ്യങ്ങളോടെയുള്ള ആ സംസാരം ആരെയും ഇരുത്തുന്നതാണ്. എങ്കിലും അടക്കം പറച്ചിലുകളില്‍ പെണ്ണുങ്ങള്‍ക്ക് രാമേട്ടനെ പേടിയാണെന്ന് പറയുന്നു. അറിയാത്ത മട്ടില്‍ അയാളുടെ കൈവിരലുകള്‍ തങ്ങളുടെ വിലകൂടിയ സാരികളില്‍ ചുളിവുകള്‍ വീഴ്ത്തുന്നുവെന്നും ചിലനേരങ്ങളില്‍ ഇത് അസഹനിയമാണെന്നും അവരില്‍ ചിലര്‍ പറഞ്ഞതായും വാര്‍ത്തകളുണ്ട്.
ഇത് ഒരു തരം ഞരമ്പുരോഗമാണെന്ന് ഞങ്ങള്‍ കുശുമ്പ് പറയാറുണ്ടെങ്കിലും രാമേട്ടനെ കുറിച്ചുള്ള ആധികാരിക കമന്റ് ഇങ്ങിനെയാണ്‌.......

ചിങ്ങമാസത്തില്‍ കൃത്യമായുള്ള ആ കൃഷ്ണപാട്ടു പാരയണതിന്റെതാണ്. അതില് കൃഷ്ണന്റെ ഗോപികമാരുമൊത്തുള്ള ലീലകള്‍ മാത്രമേ പാടാറുള്ളുവെന്നും, അതില്‍ സംപ്രീതനായി ഭഗവാന്‍ കൊടുത്ത വരമാണിതെന്നുമാണ്. എങ്ങിനെയായാലും വേണ്ടില്ല ഞങ്ങളുടെ ഗ്രാമം ഇത്രേം സജീവമാകുന്നത് രാമെട്ടനിലുടെയാണ് എന്നത് ഒരു വാസ്തവം.

പിന്‍കുറിപ്പ് :- തിരക്കുള്ള ബസ്സുകളില്‍ , നാലാള്‍കുടി നില്ക്കുന്ന ഓരോസ്ഥലങ്ങളിലും നമുക്ക് രാമെട്ടന്മാരെ കാണാം. രാമേട്ടന്‍ ഏതെങ്കിലും ഒരു വ്യക്തിയല്ല , സംഭവമാണ് .. ഇത് ഓരോ ഗ്രാമത്തിലും നടക്കാവുന്നതാണ്. ഒരു പക്ഷെ സ്ത്രീകള്‍ക്ക് ഇന്നേറ്റവും ഭീഷണിയുണ്ടാകുന്നത് ഇത്തരം മധ്യവയസ്കരില്‍ നിന്നും വൃദ്ധന്മാരില്‍ നിന്നുമാണ് എന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രം... മാന്യതയുടെ മുഖങ്ങളഴിഞ്ഞു വീഴുന്ന ഇത്തരം സംഭവങ്ങള്‍ നിങ്ങളും കണ്ടിരിക്കാം.

എന്റെ പൂവ്

എന്റെ പൂവ്
വസന്തം വിരിഞ്ഞു നില്‍ക്കുന്ന
പൂന്തോട്ടത്തില്‍
ഞാനെന്റെ പൂവിനെ തിരയുകയാണ്
കൂടുതല്‍ ചുവപ്പുള്ള
രക്ത വര്‍ണ്ണത്തിലുള്ള
കൂടുതല്‍ സൌരഭ്യം പരത്തുന്ന
എന്റെ പൂവിനെ

ചെടികളായ ചെടികളെ
ഞാന്‍ തൊട്ടു നോക്കി
പൂക്കളായ പൂക്കളെ
ഞാന്‍ മണത്തു നോക്കി
എന്റെ പൂവിനെ തേടി

പൂമ്പൊടികള്‍ പറത്തി വന്ന കാറ്റ്
എന്നോടു ചോദിച്ചു

നിന്റെ പൂവോ ?

പൂക്കളെല്ലാം വസന്തത്തിനുള്ളതാണ്

Saturday, July 2, 2011

അശോകന്റെ യാത്ര.. പിന്നെയൊരു ഗ്രാമത്തിന്റെ കഥയും

അശോകന്റെ യാത്ര..

പിന്നെയൊരു ഗ്രാമത്തിന്റെ കഥയും



വിശാലമായ ചതുപ്പുനിലങ്ങള്‍. അറ്റം കൂര്‍മ്പിച്ചു വളര്‍ന്നു നില്‍ക്കുന്ന പോട്ടപ്പുല്ലുകള്‍ . കൈലിയും ബ്ലൌസുമിട്ടു അരിഞ്ഞ പുല്ലുകള്‍ അട്ടിവെയ്ക്കുന്ന നാട്ടുപെണ്ണുങ്ങള്‍ അങ്ങിങ്ങായി മേയുന്ന പശുക്കള്‍. മണല്‍ തിട്ടകളുണ്ടാക്കി വരിവരിയായി നട്ടുപിടിപ്പിച്ച തെങ്ങുകള്‍. പടര്‍ന്നു പന്തലിച്ച കണ്ടല്‍ ചെടികളുടെ പച്ചപ്പ്‌. അതിന്റെ ആഴ്ന്നിറങ്ങിയ വേരുകളില്‍ കുരുങ്ങിക്കിടക്കുന്ന ചെറുമീനുകളെയും ചെമ്മീനുകളെയും പിടിക്കാന്‍ ആയാസപ്പെടുന്ന ചെറുമികള്‍ .

ചെറു ഓളങ്ങളുയര്‍ത്തികൊണ്ട്‌ , ആഴങ്ങളും പരപ്പുകളും അറിയിക്കാതെ, ദൈന്യതകള്‍ ഉള്ളിലൊതുക്കി ശാന്തയായൊഴുകുന്ന പുഴ. പഴയതെങ്കിലും ഒരുപാട് ചരിത്രങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച കടത്തുവള്ളം ദശാസന്ധികളില്‍ കൈത്തിരിയായി നിന്നിരുന്ന വട്ട്യന്‍ രാമനെന്ന കടത്തുകാരന്‍ .തുഴകളുടെ താളത്തിനൊത്ത് അയാളുടെ വയറും നൃത്തമാടും . ഭയങ്കര രസമുള്ള കാഴ്ച തന്നെയാണത് . കുടിച്ചു തീര്‍ത്ത കള്ളിന്റെയോ രുചിച്ചു നോക്കിയ ചാക്കണയുടെതോ ആവാം ആ വയറ് . . പോയകാല സ്മരണകള്‍ അയവിറക്കി അയാള്‍ നീട്ടിയൊന്നു കൂവി...ഊഹേയ്. അതിന്റെ പ്രത്ധ്വനികള്‍ നീണ്ടുകിടക്കുന്ന പുഴയിലൂടെ പരന്നു കണ്ടല്‍ ചെടികളില്‍ തട്ടി പ്രതിവചിച്ചു...ഊഹേയ് .

ഓലയും മുളകളും കൊണ്ടുണ്ടാക്കിയ ഒരു ചെറിയ കൂര. മുന്നിലിട്ടിരിക്കുന്ന കാലൊടിഞ്ഞ ബഞ്ചിലിരുന്നു അയാള്‍ രണ്ടു കുപ്പി കള്ളിനു വിളിച്ചു പറഞ്ഞു. പിന്നെയൊരു കോപ്പ കാളയിറച്ചിക്കും . ചത്തുവീണ ഈച്ചകളെ എടുത്തു മാറ്റി മുന്നിലെ കള്ള് ഒറ്റയിറക്കിനു മോന്തി അയാള്‍. ഇടതു കയ്യില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ മുഴക്കോലും കൊട്ടുവടിയും വീതുളിയും അല്ലറചില്ലറ മറ്റു സാധനങ്ങളുമായി കേളുവാശാരി എന്ന കേരളവര്‍മ്മന്‍. മുഷിഞ്ഞ ഒറ്റമുണ്ടും അരക്കയ്യന്‍ ജുബ്ബയുമാണ് വേഷം . ചെവിക്കിറുക്കിയ കുറ്റിപെന്‍സില്‍ . ലോകത്തിന്റെ എല്ലാ കണക്കുകളും കുറിക്കുന്നത് തന്റെ ഈ കുറ്റിപെന്‍സില്‍ ആണെന്ന ഭാവമാണയാള്‍ക്ക് . കൂട്ടയില്‍ മീന്‍ ചുമന്നു വില്‍ക്കുന്ന ഉമ്പായി. തേങ്ങയും നെല്ലും പാട്ടത്തിനെടുത്ത് വില്‍ക്കുന്ന പ്രമാണി ഗോപാലന്‍. തന്റെ കുടവയറിനുമീതെ തൂങ്ങുന്ന സ്വര്‍ണചെയിന്‍ , അതായിരിക്കണം ഒരുപക്ഷെ ഗോപാലന് പ്രമാണിയെന്ന പേര് വീഴാന്‍ കാരണമായത്‌. കുഞ്ഞാപ്പുവിന്റെ കള്ളുഷോപ്പിലെ സ്ഥിരം കുറ്റികള്‍ ഇവരൊക്കെയാണ്.

ഇവരോത്തുകൂടിയാല്‍ അവിടെയൊരുത്സവമായി . പാട്ടായി ,കൂത്തായി പിന്നെ ഉടുമുണ്ടുരിയലും വക്കാണവുമായി . ഇതിനു കൊഴുപ്പേകാന്‍ ചിരുതേയി എന്ന ചിയ്യേയ് കറിപാത്രവുമായി മുന്നില്‍ തന്നെയുണ്ടാകും . അവളുടെ വയറില്‍ വീണ മടക്കുകളുടെ എണ്ണം . അതില്‍ വിടര്‍ന്ന പോക്കിള്‍ക്കുഴി .. ബ്ലൌസിന്റെ ബട്ടണുകള്‍ കടന്നു പുറത്തേക്ക് വിതുമ്പുന്ന മുഴുത്ത മാറിടം. അന്തിക്കള്ളിനെ ചൂടുപിടിപ്പിക്കാന്‍ ചിയ്യേയിയുടെ മാദകത്വം . അങ്ങിനെ അരവങ്ങളുയര്‍ത്തി കുഞ്ഞാപ്പുവിന്റെ കള്ളുഷോപ്പ് അസ്തമയ സൂര്യനെ കൂടുതല്‍ ചുവപ്പിച്ചു. നിലാവ് പെയ്യുന്ന രാത്രിവരെ അതു നീണ്ടു നിന്നു . ഭൂമിയിലുള്ള സകലമാന വിഷയങ്ങളും അവര്‍ എരിവും പുളിയും കൂട്ടി ചര്‍ച്ച ചെയ്തു. അവരോരുത്തരെയും മുട്ടിയുരുമ്മി ചിയ്യേയി പ്രോത്സാഹിപ്പിച്ചു. .

പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങള്‍. അങ്ങിങ്ങ് ചെറിയ തുരുത്തുകള്‍ പോലെ തെങ്ങിന്കൂട്ടങ്ങള്‍ . അതിന്റെ നടുവില്‍ മണ്‍കട്ട കൊണ്ടുണ്ടാക്കിയ ഓല മേഞ്ഞതോ ഓടു മേഞ്ഞതോ ആയ ചെറിയ വീടുകള്‍. ഓടു മേഞ്ഞവ നാട്ടിലെ പ്രമാണിമാരുടെതാണ് . മുറ്റത്തു കൂട്ടിയിട്ടിരിക്കുന്ന നെല്ക്കറ്റകള്‍ക്കിടയില്‍ നിന്ന് വിയര്‍ക്കുന്ന കുഞ്ഞികണ്ണന്‍ അടിയോടി . പെണ്ണുങ്ങള്‍ കെട്ടിയ പതംകറ്റകളില്‍ നിന്ന് അയാള്‍ ശക്തമായി വലിച്ചുതിര്ക്കുന്ന നെന്മണികള്‍. അവരുടെ ശാപവാക്കുകളെ ഒഴിവാക്കി കൊണ്ടയാള്‍ നിര്‍ബാധം അതില്‍ തന്നെ ശ്രദ്ധയൂന്നി

നെല്ല് മൂരുന്ന പെണ്ണുങ്ങള്‍ അവരുടെ കൂലിക്കായി അമര്‍ത്തിക്കെട്ടുന്നതാണ് പതംകറ്റകള്‍.. ജാനു തന്റെ തോളില്‍ കിടന്ന തോര്‍ത്ത്‌ മുണ്ടെടുത്ത് വിയര്‍പ്പു തുടച്ചു. ഒന്ന് ആവിയിട്ടതിനു ശേഷം കൈലിമുണ്ട് അഴിച്ചുടുത്തു... അരക്കെട്ടിനല്പം താഴെയായി. പിന്നെ ബ്ലൌസിന്റെ മേല്‍ കുടുക്കഴിച്ചു മാറ് തുടച്ചു .കുനിഞ്ഞുനിന്നു അവള്‍ കറ്റകള്‍ എടുത്തു അടിയോടിയുടെ കയ്യില്‍ കൊടുത്തു. ഒന്ന് കുഴഞ്ഞവള്‍ പറഞ്ഞു . അടിയോടിശ.. അത്രക്കങ്ങട്‌ വലിക്കാതെ.. ഈ പാവങ്ങള്‍ടേം അടുപ്പ് പുകയെണ്ടേ ..? അടിയോടിയുടെ നോട്ടം അവളുടെ നിറഞ്ഞ മാറിടത്തില്‍ തറച്ചു നിന്നു. എന്നിട്ടവളെ നോക്കിയൊന്നു ചിരിച്ചു. കൈക്കൂമ്പിളിലെ നെല്‍കറ്റയുടെ പിടിയില്‍ അല്പം അയവ് വന്നു. അവരുടെ കണ്‍കോണുകള്‍ തമ്മിലിടഞ്ഞു .. ജാനു ബ്ലൌസിന്റെ ബട്ടനുകള്‍ ഒന്നുകൂടി അഴിച്ചു തോര്‍ത്തു കൊണ്ട് വീശി വിയര്‍പ്പകറ്റി .

അവള്‍ പാവമാണ്. അവളെ പിണക്കിക്കൂടാ . ഇരുളടഞ്ഞ പത്തായപ്പുരയില്‍ എത്രയോ തവണ അവളുടെ മടിക്കുത്തുകള്‍ തനിക്കായി അഴിഞ്ഞുവീണിട്ടുണ്ട് . ആ വിയര്‍പ്പുകള്‍ ആസ്വദിച്ചിട്ടുണ്ട് .പിന്നെ അവളുടെ കുട്ടികള്‍ക്കായുള്ള അടുപ്പുകള്‍ പുകയെണ്ടത് തന്റെ കൂടി ആവശ്യമല്ലേ. തന്റെ ചോരയും കാണില്ലേ അവിടെ. അടിയോടി മഹാമനസ്കനായി.

അശോകന്‍ വളരുകയാണ്. നിഷേധത്തിന്റെ തീക്കനലുകള്‍ അവന്റെ കണ്ണുകളില്‍ ജ്വലിക്കുകയായിരുന്നുവെന്നും . ജാനുവിന്റെ മകന്‍ എന്നുമാത്രമേ പറഞ്ഞുകൂടു.. അവന്റെ അച്ഛനെ കൃത്യമായി പറഞ്ഞു കൊടുക്കാന്‍ ജാനുവിനും ആവുന്നില്ലല്ലോ . ഒരുപക്ഷെ അത് അധികാരിയായിരിക്കാം , അല്ലെങ്കില്‍ കുഞ്ഞികണ്ണന്‍ അടിയോടിയായിരിക്കാം ,അതുമല്ലെങ്കില്‍ ഏറ്റുകാരന്‍ രാമന്‍. ഇവരിലാരണെന്നു വ്യക്തമായി ഓര്‍ത്തെടുക്കാന്‍ അവള്‍ക്കും ആവുന്നില്ല. എന്നാല്‍ മറ്റു മൂന്നു കുട്ടികളുടെ കാര്യത്തില്‍ അത് ഏറ്റുകാരന്‍ രാമന്‍ ആണെന്ന് അവള്‍ക്കുറപ്പുണ്ട് . ആചാരപരമായി കല്ല്യാണം കഴിച്ചിട്ടില്ലെങ്കിലും രാമന്‍ കുടെപാര്‍പ്പ് തുടങ്ങിയതിനു ശേഷമാണ് അവരുണ്ടായത്..

അസ്ത്വിത്വം തേടിയുള്ള അവന്റെ യാത്ര ഒടുവിലവനെ നഗരത്തിലേക്കെത്തിച്ചു . ഒരു തരം വാശിയോടെ നഗരത്തിന്റെ സര്‍വ്വ മാലിന്യങ്ങളെയും അവന്‍ ഉള്ളിലേക്കാവാഹിച്ചു..

അശോകന്റെത് ഒരു പാലായനമായിരുന്നു. നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക്. അസ്വസ്ഥമായ മനസ്സിന് ശാന്തി തേടി. സത്രങ്ങളിലും മറങ്ങളിലും റെയില്‍വേസ്റ്റെഷനുകളിലും അവന്‍ ഉണ്ടും ഉറങ്ങിയും നാളുകള്‍ നീക്കി. അസ്വസ്തത പടരുക തന്നെയാണ് ..

താന്‍ മാത്രമല്ല അസംതൃപ്തരായ ,അസ്ഥിത്വമില്ലാത്ത ഒരുപാട് പേര്‍ ഈ ഭൂമിയിലുണ്ടെന്ന കാര്യം അവനു ബോധ്യമായി. കിട്ടാവുന്ന പുസ്തകങ്ങള്‍ വായിച്ചു. അറിവാണ് പ്രധാനം . സമാന ഹൃദയരായ ചെറുപ്പക്കാര്‍ ലോഡ്ജിലെ കുടുസ്സുമുറിയില്‍ ഒത്തുകൂടി. അസമത്വത്തിനെതിരെയുള്ള അവരുടെ മനസ്സുകള്‍ പങ്കുവെച്ചു. പുസ്തകക്കൂട്ടങ്ങളില്‍.. ചര്‍ച്ചകളില്‍ മാവോയും ചെയും ചാരുമഞ്ചുംദാരും നിറഞ്ഞു നിന്നു . ചിന്തകളില്‍ അസമത്വത്തിനെതിരെ സോഷ്യലിസത്തിന്റെ നാള്‍വഴികള്‍ തെളിഞ്ഞു വന്നു. ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകുക, ആയുധമെടുക്കുക. വിപ്ലവത്തിന്റെ മണ്ണ് പരുവപ്പെടുത്തുക ..ചിന്തകളെ അഗ്നിയാക്കുക, വാക്കുകളെ ആയുധവും. ചൂഷകനു നേരെ ചൂഷിതന്റെ അധിനിവേശം. സമത്വ സുന്ദര സോഷ്യലിസം .. അതായിരിക്കണം ആത്യന്തിക ലക്‌ഷ്യം. ദൌത്യമേറ്റെടുത്തു അശോകന്‍ ചുരമിറങ്ങി. തോള്‍സഞ്ചിയില്‍ നിറയെ പുസ്തകങ്ങളും കെട്ടുകണക്കിന് ബീഡിയുമായി അവന്‍ ഉള്വനങ്ങള്‍ തേടി നടന്നു. . ചുവന്നോഴുകുന്ന കബനിക്കായി... പുതിയ സൂര്യോദയത്തിന്റെ പിറവിക്കായി...

ആദിവാസി ഊരുകളില്‍ തമ്പടിച്ചു. ഗോത്രമൂപ്പനെയും അനാഥ ഗര്‍ഭങ്ങള്‍ പേറുന്ന പട്ടിണിക്കൊലങ്ങളെയും കണ്ടു. വിപ്ലവം അനിവാര്യം ,അവന്‍ മനസ്സിലുറപ്പിച്ചു. പക്ഷെ ധനവും ആളും വേണം. ചുരമിറങ്ങി അടുത്ത ബസ്സിനു പട്ടണത്തിലെ കോളെജു കാമ്പസ്സിനെ ലക്ഷ്യമാക്കി വച്ചുപിടിച്ചു. അരക്കവികളും കഥാകരന്മാരുമായ കാമ്പസ് ബുദ്ധി ജീവികളെ ആദ്യം അവന്‍ കയ്യിലെടുത്തു. മൂപ്പെത്താത്ത ആ വിദ്യാര്‍ഥികള്‍ അവന്റെ ആകര്‍ഷകമായ വാക്കുകളില്‍ പെട്ടെന്ന് വീണു. അത്യാവശ്യം ഉണ്ണാനും ഉറങ്ങാനും തരമുള്ള മധ്യവര്‍ഗ കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു അവര്‍. അര്‍ത്ഥ സമ്പൂര്‍ണ്ണമായ ചെറു പ്രസംഗങ്ങളില്‍ അശോകന്‍ ബോധപൂര്‍വം ചെയുടെയും മാവോയുടെയും കവിതകള്‍ കലര്‍ത്തി യുവമനസ്സുകളെ അവന്‍ കയ്യിലെടുത്തു. ഭരണകൂട ഭീകരതയും ദല്ലാളന്മാരുടെ കങ്കാണിത്വവും അവന്‍ വരച്ചു കാട്ടി. അധിനിവേശത്തിന്റെ ദുരകള്‍ തുറന്നുകാട്ടി. ജനസംസ്കൃതിയുടെ, മുന്നേറ്റങ്ങളുടെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടി. ബൂര്‍ഷ്വാ കോടതികള്‍ക്ക് പകരം ജനകീയ കോടതികള്‍. . പരസ്യമായ വിചാരണകള്‍ക്ക് വിധേയമാക്കപ്പെടെണ്ട കൈക്കൂലിക്കാരായ ഡോക്ടര്‍മാര്‍ .. വട്ടിപ്പലിശക്കാര്‍ .. ലീസ്റ്റ് നീണ്ടു നീണ്ടു പോയി. ആവേശം പൂണ്ട ചെറുപ്പക്കാരും വിദ്യാര്‍ഥികളും അവനെ രഹസ്യ സങ്കേതത്തില്‍ ഒളിപ്പിച്ചു . അവന്റെ ക്ലാസ്സുകള്‍ക്കായി കാതു കൂര്‍പ്പിച്ചു..

കോളജു വിദ്യാര്‍ഥികളും ചെറുപ്പക്കാരും അത്യാവശ്യം തൊഴിലാളികളും .. അതൊരു ചെറിയ ആള്‍ക്കൂട്ടമായി . ചൊല്‍ക്കാഴ്ചയും തെരുവ് നാടകവുമായി അവര്‍ വലിയ ആള്‍ക്കുട്ടത്തെ ആകര്‍ഷിച്ചു..ചെറിയ ആള്കൂട്ടങ്ങള്‍ അവരെ ഉന്മത്തരാക്കി . കങ്കാണന്മാരുടെ മനസ്സില്‍ കനല് കോരിയിട്ടു കൊണ്ടവര്‍ മുന്നേറി. ഭരണകൂട പോലീസ് അവരെ വേട്ടയാടി. സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഇടതു പക്ഷം ഒറ്റുകൊടുത്തും പിഴുതെറിഞ്ഞും പോലിസിനെ സഹായിച്ചു. സംശയത്തിന്റെ നിഴലില്‍ യുവാക്കള്‍ വേട്ടയാടപ്പെട്ടു. ശാരീരികവും മാനസികവുമായ പീഡനങ്ങളില്‍ പെട്ട ചിലര്‍ ഉള്‍വലിഞ്ഞു. അശോകന്‍ തന്ത്രപരമായി ഒളിത്താവളങ്ങളില്‍ നിന്നും ഒളിത്താവലങ്ങളിലേക്ക് കൂടുമാറി .ഒപ്പം ഒന്നാം വര്‍ഷ മലയാളം ഡിഗ്രി വിദ്യാര്‍ഥിനി നിരന് ജ്ഞനയും . ലഘുലേഖകളും പുസ്തകങ്ങളും പിടിച്ചെടുത്തു. വ്യാപകമായ അറസ്റ്റും പീഡനവും.. പുറത്തിറങ്ങാന്‍ പറ്റാത്തവിധം പോലീസ് റോന്തു ചുറ്റി. ഒപ്പം വ്യവസ്ഥാപിത ഇടതുപക്ഷവും...

കാലമുരുണ്ടു.. വസന്തത്തിന്റെ ഇടിമുഴക്കം സ്വപ്നം കണ്ടവര്‍ ഏതാണ്ട് പിന്‍വാങ്ങി. അവരുടെ ചിന്തകളില്‍ നൂറു നൂറു പൂക്കള്‍ വിരിയാതായി. അവശേഷിച്ചവരില്‍ ചിലര്‍ ആത്മഹത്യ ചെയ്തു. മറ്റു ചിലര്‍ പ്രാന്താശുപത്രികളിലും . മെയ് വഴക്കമുള്ള ചിലര്‍ അധികാരത്തിന്റെ അടുക്കളയിലും ചാനലുകളിലുമായി തിണ്ണ നിരങ്ങി അതാതു ദിവസത്തിന്റെ അന്നത്തിനുള്ള വക തേടി. ചരിത്രത്തിന്റെ ദശാസന്ധിയില്‍ സംഭവിച്ചുപോയ ഒരു കൂട്ടല്‍ തെറ്റായി അതിനെ വിശാരദന്മാര്‍ നിരീക്ഷിച്ചു.

അവശേഷിച്ചവര്‍ തങ്ങളുടെ നീണ്ട താടി രോമങ്ങളും ജടകെട്ടിയ മുടിയും വെട്ടിവെടിപ്പാക്കി അലസിപ്പോയ ഗര്ഭത്തെയോര്‍ത്തു , പിറക്കാതെ പോയ കുഞ്ഞിനു ശ്രാദ്ധമൂട്ടി അവരവരുടെ മാളങ്ങളിലേക്ക് പിന്‍വലിഞ്ഞു

കുഞ്ഞിക്കണ്ണന്‍ അടിയോടിയുടെ പ്രതാപമൊക്കെ തകര്‍ന്നു. പൂമുഖക്കൊലായിലെ ചാരുകസേരയിലിരുന്നു ദിവസങ്ങള്‍ എണ്ണി തീര്‍ക്കുകയാണയാള്‍ . അധികാരിയും ജാനുവും മ ണ്ണില്‍ അലിഞ്ഞില്ലാതയിരിക്കുന്നു . അശോകന്‍ നാട്ടില്‍ തിരിച്ചെത്തി. ഒപ്പം നിരന്‍ഞനയും കൈക്കുഞ്ഞും. നിലാവ് പെയ്ത ഏതോ രാത്രിയില്‍ അവരലിഞ്ഞു ഒന്നായപ്പോള്‍ നരന്‍ പിറന്നു..അതാണവരുടെ മകന്റെ പേര്. നാട് വളരെയധികം മാറിയിരിക്കുന്നു.

ഗള്‍ഫു നാടുകളില്‍ നിന്നും മറ്റുമായി ഒരുപാട് പണം അവിടെക്കൊഴുകിയെത്തി. ടാറിട്ട റോഡിലൂടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടുന്നു. ഓടിനും ഓലയ്ക്കും പകരം കൊണ്ക്രീറ്റ് വീടുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഷോപ്പിംഗ്‌ മാളുകളും സ്വകാര്യ സ്ഥാപനങ്ങളും കൊണ്ട് ആ പഴയ ഗ്രാമം ഒരു മിനി നഗരമായി തീര്‍ന്നിരിക്കുന്നു. അത്ഭുതങ്ങളുടെ മായിക വലയത്തില്‍ ആദ്യമൊന്നമ്പരന്നുവെങ്കിലും ക്രമേണ അശോകന്‍ യാഥാര്ത്യത്തിലേക്ക് അടുത്തു ..ഒപ്പം അവളും. തന്റെ പഴയവീട് ഒന്ന് വൃത്തിയാക്കി എടുക്കണം ആദ്യം. ജീവിക്കണം .. അതിനൊരു തൊഴിലു കൂടിയേ തീരു. രണ്ടുപേരും തലപുകഞ്ഞാലോചിച്ചു. അവസാനം ഒരു ട്യുഷന്‍ സെന്റര്‍ തുടങ്ങാമെന്ന് തീരുമാനമായി. ആദ്യമൊക്കെ പ്രശ്നങ്ങള്‍ തന്നെയായിരുന്നു. പഴയ പ്രത്യയശാസ്ത്രം മനസ്സില്‍ പലപ്പോഴും ഇടങ്കോലിട്ടു . കണ്ണുകള്‍ യാഥാര്ത്യത്തിന്റെ നേര്‍ക്ക്‌ പാഞ്ഞപ്പോള്‍ അശോകന് കൊമ്പ്രമൈസ് ചെയ്യുകയല്ലാതെ മറ്റു പോംവഴികളില്ലെന്നു മനസ്സിലായി. അതെ ട്യുഷനോടൊപ്പം എന്ട്രന്സ് കൊച്ചിങ്ങും വേണം. അതാണിപ്പോഴത്തെ സ്റ്റയില് .

അശോകന്‍ തയ്യാറാണ്. .. നിഷേധിയായ പഴയ അശോകനില്‍ നിന്നും എന്തിനും വെളുക്കെ ചിരിച്ചു കൊടുക്കുന്ന പുതിയ അശോകന്‍ അതാണ്‌. ജീവിക്കണം .. അതിത്തിരി ആര്ഭാടത്തോട് കൂടി തന്നെ.. പിന്നെ ഇന്നത്തെ ഏതച്ചനെയും പോലെ നരനേയും ഒരു ഡോക്ടറോ കംപ്യുട്ടര്‍ ഇന്ജിനിയറോ അശോകനും ഇഷ്ടപ്പെടുന്നു എന്നത് കേവല സത്യം മാത്രം.

ചെടികള്‍ തളിരിടുകയും പൂക്കുകയും കായ്ക്കുകയും ചെയ്തു. വീണ്ടും വീണ്ടും അതാവര്‍ത്തിക്കപ്പെടുകയും ചെയ്തു.. നരന്‍ വളര്‍ന്നു വലുതായി. ഇന്നിന്റെ യുവത്വമായി. അവിടെ ബന്ധങ്ങളില്ല.. ബന്ധനങ്ങളും. പണമുണ്ടാക്കുക... മാര്‍ഗമൊരു പ്രശ്നമല്ല. അടിച്ചു പൊളിക്കുക. ആകാശത്തോളം പറക്കുക. തളരുന്നതും ചിറകുകള്‍ ഒടിയുന്നതും പിന്നീടുള്ള പ്രശ്നം. അതിലിപ്പോഴേ ആകുലപ്പെടെണ്ടതില്ല .. ആഘോഷങ്ങളുടെ ആഘോഷമായി ജീവിതത്തെ ആസ്വദിക്കുക. തന്റെ ബ്യുഗിള്‍ താടിയില്‍ നരന്‍ ജീവിതത്തെ കൈവെള്ളയിലിട്ടു ആകാശത്തെക്കെറിഞ്ഞു

വര്‍ഷത്തില്‍ പാതിയലധികം യുഎസ്സിലും യുകെയിലും മറ്റു വിദേശ രാജ്യങ്ങളില്‍ കമ്പനിയുടെ വിവിധ അസൈന്‍മെന്റുകളുമായി , ഒരുപാട് പണം ആസ്വദിക്കാന്‍ വിലകൂടിയ മദ്യം , കുടെകിടക്കാന്‍ വിദേശികളും അല്ലാത്തവരുമായി ഒരുപാടൊരുപാട് പെണ്‍കുട്ടികള്‍ , ഗേള്‍ഫ്രെണ്ടായും അല്ലാതെയും . താമസിക്കാന്‍ മുന്തിയ ഹോട്ടലുകള്‍ .... അച്ഛന്റെ പഴയ കന്നുകാലി ക്ലാസ് ... അത് കേള്‍ക്കുമ്പോഴേ നരനു വെറുപ്പും അമര്‍ഷവുമാണ് വരിക. ഒരിക്കല്‍ നിരന്ജനയുടെ ചോദ്യത്തിന് അവന്‍ കൊടുത്ത മറുപടി അശോകന്‍ വെറുതെ ഓര്‍ത്തുപോയി.പത്തിരുപത്തെഴു വയസ്സായില്ലേ, നിനക്കൊരു കല്യാണവും കുടുംബവുമൊക്കെ വേണ്ടേ ..? കല്യാണം .. കുടുംബം , അമ്മ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. അതെല്ലാം ഒരുതരത്തില്‍ നമ്മെ കേട്ടിയിടലല്ലേ.. എന്തിനാ വെറുതെ ...അറിഞ്ഞുകൊണ്ട് ,ഒരു ചരട് വാങ്ങിക്കുന്നത്..? വിസ്തൃതമായ കടലില്‍ പരന്നു കിടക്കുന്ന ജലത്തില്‍ നിന്നും ഒരു കുടം വെള്ളമെടുത്തു മാറ്റി വെയ്ക്കെണ്ടതുണ്ടോ..? പിന്നെ അവള്‍ ഒന്നും മിണ്ടിയില്ല അശോകനും.

വട്ട്യന്‍ രാമന്‍ പണ്ടെന്നോ ബാക്കി വെച്ചുപോയ ഒരു കൂവല്‍ ........ഊഹേയ്., കൈതകളും കണ്ടലുകളും പുഴയുമില്ലെങ്കിലും കോണ്‍ക്രീറ്റ് കാടുകളില്‍ തട്ടി അന്തരീക്ഷത്തില്‍ പടരുന്നതായി അശോകന് തോന്നി. ഒരുപക്ഷെ നിരന്ജനയും അതു തന്നെയായിരിക്കാം ആലോചിക്കുന്നത്......ഊഹേയ്.