Saturday, July 2, 2011

അമലുവിന്റെ പൂമ്പാറ്റ


പരിണാമത്തിന്റെ നാള്‍വഴികള്‍ പരിശോധിക്കുന്ന തിരക്കിലാണ് അമലു .

മുറിയില്‍ ഒരു പൂവില്‍ നിന്നും തേന്‍ നുകരുന്ന പൂമ്പാറ്റയുടെ വലിയ ക്ലോസപ്പ് തൂക്കിയിട്ടിരിക്കുന്നു.
ജനലരികില്‍ വെച്ച പൂചെട്ടിയിലെ തളിരിലയില്‍ പൂമ്പാറ്റ കൂട് കെട്ടിയിരിക്കുന്നു .
ഒരു ഇണ ചേരലിന്റെ ബാക്കിപത്രം...അവള്‍ സസൂക്ഷ്മം നിരീക്ഷിച്ചു.
വസന്തകാലത്ത് മുട്ടയിട്ട് വേനല്‍ക്കാലത്ത് വിരിയിക്കുകയാണ് പൂമ്പാറ്റകളുടെ പതിവ് .

വസന്തം മുഴുവന്‍ ആഘോഷിച്ചതിന്റെ സന്തോഷത്തില്‍ ..

നാലഞ്ചു ദിവസമാകണം മുട്ടകള്‍ ലാര്‍വകളാകാന്‍ ..

ഒരു പരിചക്രത്തിന്റെ ആവേശത്തില്‍ ആ തളിരില അവള്‍ മെല്ലെ തലോടി. മുട്ടകള്‍ക്ക് വേദനയുണ്ടാക്കാത്ത വിധം .

മെല്ലെ തന്റെ അടിവയറ്റിലേക്കും .. മൃദുലമായ കൈവിരലുകളുടെ സ്പര്‍ശം അവളുടെ ഉള്ളിനെ ആനന്ദിപ്പിച്ചു.. നേരിയ തണുപ്പ് ശരീരത്തിലൂടെ ഇഴഞ്ഞു നീങ്ങി. ഇണ ചേരലിലെ നിര്‍വൃതിയുടെ മിത ശീതോഷ്ണം അതവളിലുണര്‍ത്തി . വസന്തം പൂക്കളായി മനസ്സിലെത്തി.

ആ തളിരിലയെ അവള്‍ ശ്രദ്ധാപൂര്‍വ്വം വീണ്ടും തലോടി , തന്റെ വയറിനകത്തുള്ള പൊന്നോമനയെ എന്നപോലെ .

ലാര്‍വ പ്യൂപ്പയാകണമെങ്കില്‍ പത്തു പതിനഞ്ചു ദിവസം ഇനിയുമെടുക്കും .. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങള്‍ അവളാഹ്ലാദത്തോടെ മനസ്സില്‍ കുറിച്ചെടുത്തു.
തന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിന്റെ വളര്‍ച്ചയുമായി ..ഈരണ്ടാഴ്ചകളില്‍ ഗൈനക്കോളജിസ്റ്റ് നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ ബലത്തില്‍ താരതമ്യം ചെയ്തു.

കടുത്ത പിങ്ക് നിറത്തിലുള്ള റോസാപ്പൂ .. അതിന്റെ മാര്‍ദ്ധവമുള്ള ദലങ്ങളില്‍ പറ്റി കിടക്കുന്ന ജല കണങ്ങളെ അവള്‍ കൈവിരലുകള്‍ കൊണ്ട് തുടച്ചു.
മാതൃത്വത്തിന്റെ സ്നേഹ വാത്സല്യങ്ങളോടെ , പരിലാളനയോടെ.
തന്റെ ഉദരത്തില്‍ ചെറു ചലനങ്ങള്‍ ഉണ്ടാവുന്നതു പോലെ അവള്‍ക്കു തോന്നി.
മാറ്റങ്ങള്‍ ഉണ്ടാകുന്നത് എത്രവേഗമാണ്.

സ്ത്രീ ഗര്‍ഭിണിയാകുന്നത് ഒരു സാഫല്യം തന്നെയാണ്.
പ്രത്യേക പരിഗണന ഭര്‍ത്താവില്‍ നിന്നും , അയാളുടെ വീട്ടുകാരില്‍ നിന്നും തനിക്കു ലഭിക്കുന്നില്ലേ.
എന്തിനു തന്നില്‍ തന്നെ അതുണ്ടാക്കിയ ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ ..
ഒരു ഉത്തരവാദിത്വ ബോധമുണ്ടായത് പോലെ .
പഴയ പാറി നടന്നു കളിച്ച അമലു ഇന്ന് വല്യ ഒരാളായി മാറി .

ലാര്‍വകള്‍ ഇനി പ്യൂപ്പയായി മാറണം .. പിന്നെ , അവള്‍ ആലോചനയില്‍ മുഴുകി.

പത്തു പതിനഞ്ചു ദിവസം സമാധിയുടെ കാലം.

പുതിയ ലോകത്തിലേക്ക് പറക്കാന്‍ ചിറകുകളൊരുക്കുന്നതിനായി ,

അവിടത്തെ ശീലങ്ങളെ പൊരുത്തപ്പെടുന്നതിനായുള്ള തയ്യാറെടുപ്പുകളുടെ കാലം.

അവള്‍ തന്റെ കീഴ്വയറിലെ നനുത്ത രോമങ്ങളെ ഒന്നുകൂടി തലോടി.

വിരലുകള്‍ ഉദരത്തില്‍ കിടക്കുന്ന കുഞ്ഞിനോട് എന്തോ പറഞ്ഞിരിക്കണം ..

അകത്തു ചില അനക്കങ്ങള്‍ .

അനുഭൂതിയുടെ ആ ലോകത്ത് നിന്നും മനസ്സ് ക്രമേണ സംഘര്‍ഷത്തിലേക്ക് നീങ്ങി ..

സന്തോഷങ്ങളുടെ ആകാശത്തു നിന്നും അവള്‍ താഴോട്ടിറങ്ങി. ചെറിയ ഒരു ഭീതി മനസ്സിനെ അലട്ടി..

നാളെ എന്റെ മോന്‍ ഭൂമിയിലേക്ക്‌ വരുമ്പോള്‍ ..
അവന്റെ രൂപ ഭംഗി .. അവനു ഭക്ഷിക്കാന്‍ പുന്തേന്‍ . നിറയെ പൂക്കള്‍ നിറച്ച ഒരു വസന്ത കാലം ഇവിടെ ബാക്കിയിരിപ്പുണ്ടാവ്വോ ആവോ ?

വേണ്ട അത്രയ്ക്കൊന്നും ഇപ്പോള്‍ പോകേണ്ടാ .. അവള്‍ സമാധാനപ്പെട്ടു .

രാവിലെയാണ് സാധാരണ ചിത്രശലഭങ്ങള്‍ പുറത്തുവരുന്നത്.

പ്യൂപ്പയുടെ ലോലമായ പാര്‍ശ്വങ്ങള്‍ അടര്‍ത്തി ആദ്യം തലഭാഗവും, പിന്നെ മദ്ധ്യഭാഗവും ചിറകുകളും, ഒടുവില്‍ ഉദരവും വരും .

വര്‍ണ്ണ ചിറകുകളുള്ള പൂമ്പാറ്റകളെ സ്വപ്നങ്ങളില്‍ നിറച്ചു കൊണ്ട് അവള്‍ ഉച്ചയുറക്കത്തിനായി വശം ചെരിഞ്ഞു കിടന്നു.

നിറയെ പൂക്കളുള്ള തൊടിയില്‍ തേന്‍ നുകര്‍ന്ന് കൊണ്ട് തന്റെ കുഞ്ഞു വാവ.

അവന്റെ വര്‍ണ്ണ ചിറകുകള്‍ . അവനെത്തിപ്പിടിക്കുന്ന ആകാശ ദൂരങ്ങള്‍ .. അവനുത്തേജിപ്പിക്കുന്ന പൂക്കളുടെ രേണുക്കള്‍ ..

പാറിക്കളിക്കുന്ന ആ ചിത്ര ശലഭത്തെ മനസ്സില്‍ നിറച്ചു കൊണ്ടവള്‍ പതിയെ മയക്കത്തിലേക്ക് നീങ്ങി.

രണ്ട്


സ്കാനിംഗ് റൂമില്‍ നിന്നു പുറത്തു വരുമ്പോള്‍ സോണോളജിസ്റ്റിന്റെ മുഖത്തു കണ്ട തെളിച്ചക്കുറവു അമലു ശ്രദ്ധിച്ചിരുന്നു .

പാതി ചാരിയ വാതില്‍ തുറന്നു നന്ദന്‍ അകത്തേക്ക് കടന്നു. ആരും കാണാതെ കയ്യിലുള്ള കവര്‍ അയാളുടെ കയ്യില്‍ തിരുകിപ്പിടിപ്പിച്ചു .

അര്‍ദ്ധ മനസ്സോടെ ഡോക്ടര്‍ അവനോടു പറഞ്ഞു. എത്തിക്സിനു വിരുദ്ധമാണ് .. പറഞ്ഞു കൂടാത്തത് . 'പെണ്ണാണ് ' .. നന്ദന്‍ അവിവേകമൊന്നും കാണിക്കരുത് .

മുഖത്തു ഒരു ചിരി വരുത്തി അവന്‍ പുറത്തേക്ക് വന്നു. കൈ പിടിച്ചു അവളെ അവന്‍ കാറില്‍ കയറ്റി . വീട്ടിലേക്കുള്ള തിരിച്ചു യാത്രക്കായി . സ്റ്റിയറിങ്ങില്‍ തന്നെ ശ്രദ്ധയൂന്നി അവന്‍ അധികം ഉരിയാടാതെ, ചോദിച്ചതിനു ഒരു മൂളല്‍ മാത്രം തിരിച്ചു നല്‍കി കൊണ്ട് . വേലിയേറ്റത്തിലെ തിരകളുടെ മനസ്സുമായി നന്ദന്‍ ഡ്രൈവ് ചെയ്തു. ഒരുപാടധികം സ്പീടോട് കൂടി .

നന്ദന്റെ മുഖത്തെ ചെറിയ വാട്ടം പോലും അവള്‍ക്കു എളുപ്പത്തില്‍ വായിച്ചെടുക്കാനാവും . ഒന്നും അധികനേരം ആ മുഖത്തിനു മറച്ചുവെയ്ക്കാനാകില്ല . ചെറിയ കുട്ടികളുടെ നിഷ്കളങ്കതയാണ് ആ മുഖത്തു എന്ന് അവള്‍ക്കു പലപ്പോഴും തോന്നിയിട്ടുണ്ട് .

തന്റെ വലതു കൈ അവന്റെ മടിയില്‍ വെച്ചു കൊണ്ട് അമലു ചോദിച്ചു. എന്തായാലും പറയൂ , നന്ദാ പ്ലീസ് .

മോളേ .. നമുക്ക് പെണ്കുട്ട്യാ..

ഒന്ന് കൂടി അവനോടു ചേര്‍ന്നിരുന്നു കൊണ്ട് അവള്‍ ചോദിച്ചു അതിനെന്താ ? നന്ദനല്ലേ പറഞ്ഞത് നന്ദനു ആണ്‍ കുട്ടികളെക്കാളും ഇഷ്ടം പെണ്‍കുട്ടികളോടാണെന്നു..

നന്ദാ .. വണ്ടി നിര്‍ത്തൂ , നമുക്കൊരു ഐസ് ക്രീം കഴിക്കാം.

അവന്റെ മനസ്സ് തണുപ്പിക്കാനായി അവള്‍ പറഞ്ഞു.

നന്ദന്‍ ഒരിക്കലും ഒരു സ്ത്രീപക്ഷ വിരോധിയായിരുന്നില്ല . പെണ്ണുങ്ങളോടുള്ള മനോഭാവത്തില്‍ മാറ്റം വരണമെന്ന് പറയുന്നവനുമാണ് ..

സ്വന്തം കാര്യത്തോട് അടുക്കുമ്പോള്‍ ഈ നന്ദനു എന്താണ് പറ്റിയത്. അവള്‍ക്കു ഒരു എത്തുംപിടിയും കിട്ടുന്നില്ല.

ചിന്തകളുടെ ആഴത്തില്‍ നിന്നും അവള്‍ അവനെ തട്ടിയുണര്‍ത്തി.

നമുക്ക് ഉള്ളു തുറന്നു സംസാരിക്കാം ,മുമ്പെന്നത് പോലെ. .

അവള്‍ പ്രോത്സാഹിപ്പിച്ചു .. മൌനത്തിന്റെ വാല്മീകത്തില്‍ നിന്നും അവനെ പുറത്തേക്ക് കൊണ്ടു വരാന്‍.

ഇപ്പോഴും താനൊരു സ്ത്രീ വിദ്വേഷിയാണെന്നു നീ തെറ്റിദ്ധരിക്കരുത് . ഒരു കുറ്റബോധത്തില്‍ പൊതിഞ്ഞ വാക്കുകള്‍ അവന്റെ നാക്കില്‍ നിന്നും ഉതിര്‍ന്നു വീണു.

പറയൂ .., പ്ലീസ് .

മോളേ .. ഇയ്യിടെയായി ചാനലുകളിലും പത്രങ്ങളിലും വരുന്ന വാര്‍ത്തകള്‍ .. നിറം പിടിപ്പിച്ച അവയുടെ അവതരണ ശൈലി .. അതെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. ഒരുതരം നിസ്സംഗത മനസ്സില്‍ പടരുന്നു. നാളെ നമ്മുടെ മോളും .. ഇതു പോലെന്തെങ്കിലും. ഓര്‍ക്കാന്‍ കൂടി വയ്യ കുനിഞ്ഞ മുഖത്തു കൈ താങ്ങായി നിര്‍ത്തി കൊണ്ടവന്‍ പറഞ്ഞു നിര്‍ത്തി.

അവളുടെ കണ്ണിലും വെള്ളം ഇറ്റിറ്റു വീണു.

നീണ്ട ഒരു പകപ്പോടെ ,മുന്നിലെ ഐസ്സ് ക്രീം പാതിയുപേക്ഷിച്ചു അവര്‍ എഴുന്നേറ്റു ..

ഒന്നും ഉരിയാടാതെ കാറിനടുത്തേക്ക് നടന്നു.

മൂന്ന്‌

മനോഹരമായ വര്‍ണ്ണ ചിറകുകളുള്ള പൂമ്പാറ്റയെ ആരോ കൈവെള്ളയിലിട്ടു ഞെരിക്കുന്നു .
പ്ലെയിറ്റില്‍ മുറിച്ചുവെച്ച പച്ച പപ്പായയുടെ കഷണങ്ങള്‍ . വയറില്‍ അമര്‍ത്തി വെച്ച നനച്ച തുണി . ഗൈനക്കോളജിസ്റ്റിന്റെ കൊടീല്‍ .

വാര്‍ന്നൊഴുകുന്ന ചോര തളം കെട്ടിയിരിക്കുന്നു .വാടിക്കരിഞ്ഞ കൂമ്പു പോലെ അതില്‍ തളര്‍ന്നുറങ്ങിയ അവള്‍ . മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍ .
അമലു ഞെട്ടിയുണര്‍ന്നു.അവളുടെ തൊണ്ടയില്‍ നിന്നും അസാധാരണമായ ഏതോ ശബ്ദം പുറത്തേക്ക് വന്നു.

മോളേ .. നിനക്കെന്താണ് പറ്റിയത് ? നന്ദന്‍ ചോദിച്ചു . അവള്‍ കിതയ്ക്കുകയാണ് , വിയര്‍പ്പില്‍ കുളിച്ച അവള്‍ക്കൊന്നും ഉരിയാടാനായില്ല .
അവന്‍ എഴുന്നേറ്റു ഒരു ഗ്ലാസ്സ് തണുത്ത വെള്ളമെടുത്തു അവളുടെ ചുണ്ടോടടുപ്പിച്ചു .
റിലാക്സ് ..
ദുസ്വപ്നങ്ങള്‍ രാത്രികളെ ഇല്ലാതാക്കുന്നു.ഭയപ്പാടിന്റെ ദിനവും രാവും .. വയ്യ നന്ദാ , എനിക്ക് വയ്യ .
അവന്‍ അവളെ കുടുതല്‍ ചേര്‍ത്തു പിടിച്ചു. നീയിങ്ങിനെ നെര്‍വസ്സായാലോ ? റിലാക്സ് ..

മരപ്പൊത്തുകളിലും മുറ്റത്തെ മാവിന്‍ കൊമ്പിലും ഇരുന്നു ചുവന്ന നാക്ക് നീട്ടി ചോരയൂറ്റി കുടിക്കുന്ന ഓന്തുകള്‍ .ശരീരത്തില്‍ ഊര്ന്നില്ലാതാവുന്ന ചോര. ഭയം ആധിയായി . ഒന്തുകളുടെ ചോരയൂറ്റലില്‍ രക്ഷ നേടാന്‍ , ഉമിനീര് തൊട്ടു പൊക്കിള്‍ കുഴിക്കു ചുറ്റും തേച്ചു പിടിപ്പിക്കുന്ന ആ ചെറിയ കുട്ടി .
അയുക്തിയുടെതാണെങ്കിലും അപ്പോള്‍ അവളുടെ മനസ്സിലേക്ക് ഓടി വന്നത് അതായിരുന്നു.

നന്ദന്‍ ചിരിച്ചു .. നിന്റെയോരോ വിശ്വാസങ്ങള്‍ ..
അവള്‍ക്കു ചിരി വന്നതേയില്ല .. സത്യമാണോ നന്ദാ അത് ? രക്ഷ നേടാനുള്ള പഴുത് ?

നന്ദന്‍ അവളെ ഒന്നുകൂടി ചേര്‍ത്തുപിടിച്ചു .ഇപ്പോള്‍ അവളോട്‌ തര്‍ക്കിക്കുന്നതില്‍ കാര്യമില്ല. ഭീതിയുടെ ലോകത്താണവള്‍.
അവന്‍ അവളുടെ ഉദരത്തില്‍ ചുണ്ടുകളമര്‍ത്തി .. അവള്‍ക്കും പിറക്കാനിരിക്കുന്ന അവരുടെ കുഞ്ഞിനുമായി.

കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാന്‍ വട്ടം പിടിക്കുന്ന പരുന്തുകളെ നീ കണ്ടിട്ടില്ലേ. കരഞ്ഞുകുഴഞ്ഞ കുഞ്ഞുങ്ങളെ ചിറകുകളിലൊതുക്കി സംരക്ഷിക്കുന്ന തള്ളക്കോഴിയെ ? അതു പോലെ എന്തെങ്കിലും ഒരു വഴി കാണാതിരിക്കില്ല.
നന്ദന്റെ കൈവലയങ്ങള്‍ക്കുള്ളില്‍ അവളാശ്വാസം കൊണ്ടു .കണ്ണുനീര് തുടച്ച് ,അവന്റെ നെറ്റിയിലൊരുമ്മ കൊടുത്തു .

നിറയെ പൂക്കളുള്ള തൊടിയില്‍ പാറി നടക്കുന്ന വര്‍ണ്ണ ചിറകുകളുള്ള പൂമ്പാറ്റയെ സ്വപ്നങ്ങളില്‍ നിന്നും ജീവിതത്തിലേക്കു പറിച്ചു നടാനായി ..
..... ശുഭം ....

No comments:

Post a Comment