Saturday, July 2, 2011

അശോകന്റെ യാത്ര.. പിന്നെയൊരു ഗ്രാമത്തിന്റെ കഥയും

അശോകന്റെ യാത്ര..

പിന്നെയൊരു ഗ്രാമത്തിന്റെ കഥയും



വിശാലമായ ചതുപ്പുനിലങ്ങള്‍. അറ്റം കൂര്‍മ്പിച്ചു വളര്‍ന്നു നില്‍ക്കുന്ന പോട്ടപ്പുല്ലുകള്‍ . കൈലിയും ബ്ലൌസുമിട്ടു അരിഞ്ഞ പുല്ലുകള്‍ അട്ടിവെയ്ക്കുന്ന നാട്ടുപെണ്ണുങ്ങള്‍ അങ്ങിങ്ങായി മേയുന്ന പശുക്കള്‍. മണല്‍ തിട്ടകളുണ്ടാക്കി വരിവരിയായി നട്ടുപിടിപ്പിച്ച തെങ്ങുകള്‍. പടര്‍ന്നു പന്തലിച്ച കണ്ടല്‍ ചെടികളുടെ പച്ചപ്പ്‌. അതിന്റെ ആഴ്ന്നിറങ്ങിയ വേരുകളില്‍ കുരുങ്ങിക്കിടക്കുന്ന ചെറുമീനുകളെയും ചെമ്മീനുകളെയും പിടിക്കാന്‍ ആയാസപ്പെടുന്ന ചെറുമികള്‍ .

ചെറു ഓളങ്ങളുയര്‍ത്തികൊണ്ട്‌ , ആഴങ്ങളും പരപ്പുകളും അറിയിക്കാതെ, ദൈന്യതകള്‍ ഉള്ളിലൊതുക്കി ശാന്തയായൊഴുകുന്ന പുഴ. പഴയതെങ്കിലും ഒരുപാട് ചരിത്രങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച കടത്തുവള്ളം ദശാസന്ധികളില്‍ കൈത്തിരിയായി നിന്നിരുന്ന വട്ട്യന്‍ രാമനെന്ന കടത്തുകാരന്‍ .തുഴകളുടെ താളത്തിനൊത്ത് അയാളുടെ വയറും നൃത്തമാടും . ഭയങ്കര രസമുള്ള കാഴ്ച തന്നെയാണത് . കുടിച്ചു തീര്‍ത്ത കള്ളിന്റെയോ രുചിച്ചു നോക്കിയ ചാക്കണയുടെതോ ആവാം ആ വയറ് . . പോയകാല സ്മരണകള്‍ അയവിറക്കി അയാള്‍ നീട്ടിയൊന്നു കൂവി...ഊഹേയ്. അതിന്റെ പ്രത്ധ്വനികള്‍ നീണ്ടുകിടക്കുന്ന പുഴയിലൂടെ പരന്നു കണ്ടല്‍ ചെടികളില്‍ തട്ടി പ്രതിവചിച്ചു...ഊഹേയ് .

ഓലയും മുളകളും കൊണ്ടുണ്ടാക്കിയ ഒരു ചെറിയ കൂര. മുന്നിലിട്ടിരിക്കുന്ന കാലൊടിഞ്ഞ ബഞ്ചിലിരുന്നു അയാള്‍ രണ്ടു കുപ്പി കള്ളിനു വിളിച്ചു പറഞ്ഞു. പിന്നെയൊരു കോപ്പ കാളയിറച്ചിക്കും . ചത്തുവീണ ഈച്ചകളെ എടുത്തു മാറ്റി മുന്നിലെ കള്ള് ഒറ്റയിറക്കിനു മോന്തി അയാള്‍. ഇടതു കയ്യില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ മുഴക്കോലും കൊട്ടുവടിയും വീതുളിയും അല്ലറചില്ലറ മറ്റു സാധനങ്ങളുമായി കേളുവാശാരി എന്ന കേരളവര്‍മ്മന്‍. മുഷിഞ്ഞ ഒറ്റമുണ്ടും അരക്കയ്യന്‍ ജുബ്ബയുമാണ് വേഷം . ചെവിക്കിറുക്കിയ കുറ്റിപെന്‍സില്‍ . ലോകത്തിന്റെ എല്ലാ കണക്കുകളും കുറിക്കുന്നത് തന്റെ ഈ കുറ്റിപെന്‍സില്‍ ആണെന്ന ഭാവമാണയാള്‍ക്ക് . കൂട്ടയില്‍ മീന്‍ ചുമന്നു വില്‍ക്കുന്ന ഉമ്പായി. തേങ്ങയും നെല്ലും പാട്ടത്തിനെടുത്ത് വില്‍ക്കുന്ന പ്രമാണി ഗോപാലന്‍. തന്റെ കുടവയറിനുമീതെ തൂങ്ങുന്ന സ്വര്‍ണചെയിന്‍ , അതായിരിക്കണം ഒരുപക്ഷെ ഗോപാലന് പ്രമാണിയെന്ന പേര് വീഴാന്‍ കാരണമായത്‌. കുഞ്ഞാപ്പുവിന്റെ കള്ളുഷോപ്പിലെ സ്ഥിരം കുറ്റികള്‍ ഇവരൊക്കെയാണ്.

ഇവരോത്തുകൂടിയാല്‍ അവിടെയൊരുത്സവമായി . പാട്ടായി ,കൂത്തായി പിന്നെ ഉടുമുണ്ടുരിയലും വക്കാണവുമായി . ഇതിനു കൊഴുപ്പേകാന്‍ ചിരുതേയി എന്ന ചിയ്യേയ് കറിപാത്രവുമായി മുന്നില്‍ തന്നെയുണ്ടാകും . അവളുടെ വയറില്‍ വീണ മടക്കുകളുടെ എണ്ണം . അതില്‍ വിടര്‍ന്ന പോക്കിള്‍ക്കുഴി .. ബ്ലൌസിന്റെ ബട്ടണുകള്‍ കടന്നു പുറത്തേക്ക് വിതുമ്പുന്ന മുഴുത്ത മാറിടം. അന്തിക്കള്ളിനെ ചൂടുപിടിപ്പിക്കാന്‍ ചിയ്യേയിയുടെ മാദകത്വം . അങ്ങിനെ അരവങ്ങളുയര്‍ത്തി കുഞ്ഞാപ്പുവിന്റെ കള്ളുഷോപ്പ് അസ്തമയ സൂര്യനെ കൂടുതല്‍ ചുവപ്പിച്ചു. നിലാവ് പെയ്യുന്ന രാത്രിവരെ അതു നീണ്ടു നിന്നു . ഭൂമിയിലുള്ള സകലമാന വിഷയങ്ങളും അവര്‍ എരിവും പുളിയും കൂട്ടി ചര്‍ച്ച ചെയ്തു. അവരോരുത്തരെയും മുട്ടിയുരുമ്മി ചിയ്യേയി പ്രോത്സാഹിപ്പിച്ചു. .

പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങള്‍. അങ്ങിങ്ങ് ചെറിയ തുരുത്തുകള്‍ പോലെ തെങ്ങിന്കൂട്ടങ്ങള്‍ . അതിന്റെ നടുവില്‍ മണ്‍കട്ട കൊണ്ടുണ്ടാക്കിയ ഓല മേഞ്ഞതോ ഓടു മേഞ്ഞതോ ആയ ചെറിയ വീടുകള്‍. ഓടു മേഞ്ഞവ നാട്ടിലെ പ്രമാണിമാരുടെതാണ് . മുറ്റത്തു കൂട്ടിയിട്ടിരിക്കുന്ന നെല്ക്കറ്റകള്‍ക്കിടയില്‍ നിന്ന് വിയര്‍ക്കുന്ന കുഞ്ഞികണ്ണന്‍ അടിയോടി . പെണ്ണുങ്ങള്‍ കെട്ടിയ പതംകറ്റകളില്‍ നിന്ന് അയാള്‍ ശക്തമായി വലിച്ചുതിര്ക്കുന്ന നെന്മണികള്‍. അവരുടെ ശാപവാക്കുകളെ ഒഴിവാക്കി കൊണ്ടയാള്‍ നിര്‍ബാധം അതില്‍ തന്നെ ശ്രദ്ധയൂന്നി

നെല്ല് മൂരുന്ന പെണ്ണുങ്ങള്‍ അവരുടെ കൂലിക്കായി അമര്‍ത്തിക്കെട്ടുന്നതാണ് പതംകറ്റകള്‍.. ജാനു തന്റെ തോളില്‍ കിടന്ന തോര്‍ത്ത്‌ മുണ്ടെടുത്ത് വിയര്‍പ്പു തുടച്ചു. ഒന്ന് ആവിയിട്ടതിനു ശേഷം കൈലിമുണ്ട് അഴിച്ചുടുത്തു... അരക്കെട്ടിനല്പം താഴെയായി. പിന്നെ ബ്ലൌസിന്റെ മേല്‍ കുടുക്കഴിച്ചു മാറ് തുടച്ചു .കുനിഞ്ഞുനിന്നു അവള്‍ കറ്റകള്‍ എടുത്തു അടിയോടിയുടെ കയ്യില്‍ കൊടുത്തു. ഒന്ന് കുഴഞ്ഞവള്‍ പറഞ്ഞു . അടിയോടിശ.. അത്രക്കങ്ങട്‌ വലിക്കാതെ.. ഈ പാവങ്ങള്‍ടേം അടുപ്പ് പുകയെണ്ടേ ..? അടിയോടിയുടെ നോട്ടം അവളുടെ നിറഞ്ഞ മാറിടത്തില്‍ തറച്ചു നിന്നു. എന്നിട്ടവളെ നോക്കിയൊന്നു ചിരിച്ചു. കൈക്കൂമ്പിളിലെ നെല്‍കറ്റയുടെ പിടിയില്‍ അല്പം അയവ് വന്നു. അവരുടെ കണ്‍കോണുകള്‍ തമ്മിലിടഞ്ഞു .. ജാനു ബ്ലൌസിന്റെ ബട്ടനുകള്‍ ഒന്നുകൂടി അഴിച്ചു തോര്‍ത്തു കൊണ്ട് വീശി വിയര്‍പ്പകറ്റി .

അവള്‍ പാവമാണ്. അവളെ പിണക്കിക്കൂടാ . ഇരുളടഞ്ഞ പത്തായപ്പുരയില്‍ എത്രയോ തവണ അവളുടെ മടിക്കുത്തുകള്‍ തനിക്കായി അഴിഞ്ഞുവീണിട്ടുണ്ട് . ആ വിയര്‍പ്പുകള്‍ ആസ്വദിച്ചിട്ടുണ്ട് .പിന്നെ അവളുടെ കുട്ടികള്‍ക്കായുള്ള അടുപ്പുകള്‍ പുകയെണ്ടത് തന്റെ കൂടി ആവശ്യമല്ലേ. തന്റെ ചോരയും കാണില്ലേ അവിടെ. അടിയോടി മഹാമനസ്കനായി.

അശോകന്‍ വളരുകയാണ്. നിഷേധത്തിന്റെ തീക്കനലുകള്‍ അവന്റെ കണ്ണുകളില്‍ ജ്വലിക്കുകയായിരുന്നുവെന്നും . ജാനുവിന്റെ മകന്‍ എന്നുമാത്രമേ പറഞ്ഞുകൂടു.. അവന്റെ അച്ഛനെ കൃത്യമായി പറഞ്ഞു കൊടുക്കാന്‍ ജാനുവിനും ആവുന്നില്ലല്ലോ . ഒരുപക്ഷെ അത് അധികാരിയായിരിക്കാം , അല്ലെങ്കില്‍ കുഞ്ഞികണ്ണന്‍ അടിയോടിയായിരിക്കാം ,അതുമല്ലെങ്കില്‍ ഏറ്റുകാരന്‍ രാമന്‍. ഇവരിലാരണെന്നു വ്യക്തമായി ഓര്‍ത്തെടുക്കാന്‍ അവള്‍ക്കും ആവുന്നില്ല. എന്നാല്‍ മറ്റു മൂന്നു കുട്ടികളുടെ കാര്യത്തില്‍ അത് ഏറ്റുകാരന്‍ രാമന്‍ ആണെന്ന് അവള്‍ക്കുറപ്പുണ്ട് . ആചാരപരമായി കല്ല്യാണം കഴിച്ചിട്ടില്ലെങ്കിലും രാമന്‍ കുടെപാര്‍പ്പ് തുടങ്ങിയതിനു ശേഷമാണ് അവരുണ്ടായത്..

അസ്ത്വിത്വം തേടിയുള്ള അവന്റെ യാത്ര ഒടുവിലവനെ നഗരത്തിലേക്കെത്തിച്ചു . ഒരു തരം വാശിയോടെ നഗരത്തിന്റെ സര്‍വ്വ മാലിന്യങ്ങളെയും അവന്‍ ഉള്ളിലേക്കാവാഹിച്ചു..

അശോകന്റെത് ഒരു പാലായനമായിരുന്നു. നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക്. അസ്വസ്ഥമായ മനസ്സിന് ശാന്തി തേടി. സത്രങ്ങളിലും മറങ്ങളിലും റെയില്‍വേസ്റ്റെഷനുകളിലും അവന്‍ ഉണ്ടും ഉറങ്ങിയും നാളുകള്‍ നീക്കി. അസ്വസ്തത പടരുക തന്നെയാണ് ..

താന്‍ മാത്രമല്ല അസംതൃപ്തരായ ,അസ്ഥിത്വമില്ലാത്ത ഒരുപാട് പേര്‍ ഈ ഭൂമിയിലുണ്ടെന്ന കാര്യം അവനു ബോധ്യമായി. കിട്ടാവുന്ന പുസ്തകങ്ങള്‍ വായിച്ചു. അറിവാണ് പ്രധാനം . സമാന ഹൃദയരായ ചെറുപ്പക്കാര്‍ ലോഡ്ജിലെ കുടുസ്സുമുറിയില്‍ ഒത്തുകൂടി. അസമത്വത്തിനെതിരെയുള്ള അവരുടെ മനസ്സുകള്‍ പങ്കുവെച്ചു. പുസ്തകക്കൂട്ടങ്ങളില്‍.. ചര്‍ച്ചകളില്‍ മാവോയും ചെയും ചാരുമഞ്ചുംദാരും നിറഞ്ഞു നിന്നു . ചിന്തകളില്‍ അസമത്വത്തിനെതിരെ സോഷ്യലിസത്തിന്റെ നാള്‍വഴികള്‍ തെളിഞ്ഞു വന്നു. ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകുക, ആയുധമെടുക്കുക. വിപ്ലവത്തിന്റെ മണ്ണ് പരുവപ്പെടുത്തുക ..ചിന്തകളെ അഗ്നിയാക്കുക, വാക്കുകളെ ആയുധവും. ചൂഷകനു നേരെ ചൂഷിതന്റെ അധിനിവേശം. സമത്വ സുന്ദര സോഷ്യലിസം .. അതായിരിക്കണം ആത്യന്തിക ലക്‌ഷ്യം. ദൌത്യമേറ്റെടുത്തു അശോകന്‍ ചുരമിറങ്ങി. തോള്‍സഞ്ചിയില്‍ നിറയെ പുസ്തകങ്ങളും കെട്ടുകണക്കിന് ബീഡിയുമായി അവന്‍ ഉള്വനങ്ങള്‍ തേടി നടന്നു. . ചുവന്നോഴുകുന്ന കബനിക്കായി... പുതിയ സൂര്യോദയത്തിന്റെ പിറവിക്കായി...

ആദിവാസി ഊരുകളില്‍ തമ്പടിച്ചു. ഗോത്രമൂപ്പനെയും അനാഥ ഗര്‍ഭങ്ങള്‍ പേറുന്ന പട്ടിണിക്കൊലങ്ങളെയും കണ്ടു. വിപ്ലവം അനിവാര്യം ,അവന്‍ മനസ്സിലുറപ്പിച്ചു. പക്ഷെ ധനവും ആളും വേണം. ചുരമിറങ്ങി അടുത്ത ബസ്സിനു പട്ടണത്തിലെ കോളെജു കാമ്പസ്സിനെ ലക്ഷ്യമാക്കി വച്ചുപിടിച്ചു. അരക്കവികളും കഥാകരന്മാരുമായ കാമ്പസ് ബുദ്ധി ജീവികളെ ആദ്യം അവന്‍ കയ്യിലെടുത്തു. മൂപ്പെത്താത്ത ആ വിദ്യാര്‍ഥികള്‍ അവന്റെ ആകര്‍ഷകമായ വാക്കുകളില്‍ പെട്ടെന്ന് വീണു. അത്യാവശ്യം ഉണ്ണാനും ഉറങ്ങാനും തരമുള്ള മധ്യവര്‍ഗ കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു അവര്‍. അര്‍ത്ഥ സമ്പൂര്‍ണ്ണമായ ചെറു പ്രസംഗങ്ങളില്‍ അശോകന്‍ ബോധപൂര്‍വം ചെയുടെയും മാവോയുടെയും കവിതകള്‍ കലര്‍ത്തി യുവമനസ്സുകളെ അവന്‍ കയ്യിലെടുത്തു. ഭരണകൂട ഭീകരതയും ദല്ലാളന്മാരുടെ കങ്കാണിത്വവും അവന്‍ വരച്ചു കാട്ടി. അധിനിവേശത്തിന്റെ ദുരകള്‍ തുറന്നുകാട്ടി. ജനസംസ്കൃതിയുടെ, മുന്നേറ്റങ്ങളുടെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടി. ബൂര്‍ഷ്വാ കോടതികള്‍ക്ക് പകരം ജനകീയ കോടതികള്‍. . പരസ്യമായ വിചാരണകള്‍ക്ക് വിധേയമാക്കപ്പെടെണ്ട കൈക്കൂലിക്കാരായ ഡോക്ടര്‍മാര്‍ .. വട്ടിപ്പലിശക്കാര്‍ .. ലീസ്റ്റ് നീണ്ടു നീണ്ടു പോയി. ആവേശം പൂണ്ട ചെറുപ്പക്കാരും വിദ്യാര്‍ഥികളും അവനെ രഹസ്യ സങ്കേതത്തില്‍ ഒളിപ്പിച്ചു . അവന്റെ ക്ലാസ്സുകള്‍ക്കായി കാതു കൂര്‍പ്പിച്ചു..

കോളജു വിദ്യാര്‍ഥികളും ചെറുപ്പക്കാരും അത്യാവശ്യം തൊഴിലാളികളും .. അതൊരു ചെറിയ ആള്‍ക്കൂട്ടമായി . ചൊല്‍ക്കാഴ്ചയും തെരുവ് നാടകവുമായി അവര്‍ വലിയ ആള്‍ക്കുട്ടത്തെ ആകര്‍ഷിച്ചു..ചെറിയ ആള്കൂട്ടങ്ങള്‍ അവരെ ഉന്മത്തരാക്കി . കങ്കാണന്മാരുടെ മനസ്സില്‍ കനല് കോരിയിട്ടു കൊണ്ടവര്‍ മുന്നേറി. ഭരണകൂട പോലീസ് അവരെ വേട്ടയാടി. സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഇടതു പക്ഷം ഒറ്റുകൊടുത്തും പിഴുതെറിഞ്ഞും പോലിസിനെ സഹായിച്ചു. സംശയത്തിന്റെ നിഴലില്‍ യുവാക്കള്‍ വേട്ടയാടപ്പെട്ടു. ശാരീരികവും മാനസികവുമായ പീഡനങ്ങളില്‍ പെട്ട ചിലര്‍ ഉള്‍വലിഞ്ഞു. അശോകന്‍ തന്ത്രപരമായി ഒളിത്താവളങ്ങളില്‍ നിന്നും ഒളിത്താവലങ്ങളിലേക്ക് കൂടുമാറി .ഒപ്പം ഒന്നാം വര്‍ഷ മലയാളം ഡിഗ്രി വിദ്യാര്‍ഥിനി നിരന് ജ്ഞനയും . ലഘുലേഖകളും പുസ്തകങ്ങളും പിടിച്ചെടുത്തു. വ്യാപകമായ അറസ്റ്റും പീഡനവും.. പുറത്തിറങ്ങാന്‍ പറ്റാത്തവിധം പോലീസ് റോന്തു ചുറ്റി. ഒപ്പം വ്യവസ്ഥാപിത ഇടതുപക്ഷവും...

കാലമുരുണ്ടു.. വസന്തത്തിന്റെ ഇടിമുഴക്കം സ്വപ്നം കണ്ടവര്‍ ഏതാണ്ട് പിന്‍വാങ്ങി. അവരുടെ ചിന്തകളില്‍ നൂറു നൂറു പൂക്കള്‍ വിരിയാതായി. അവശേഷിച്ചവരില്‍ ചിലര്‍ ആത്മഹത്യ ചെയ്തു. മറ്റു ചിലര്‍ പ്രാന്താശുപത്രികളിലും . മെയ് വഴക്കമുള്ള ചിലര്‍ അധികാരത്തിന്റെ അടുക്കളയിലും ചാനലുകളിലുമായി തിണ്ണ നിരങ്ങി അതാതു ദിവസത്തിന്റെ അന്നത്തിനുള്ള വക തേടി. ചരിത്രത്തിന്റെ ദശാസന്ധിയില്‍ സംഭവിച്ചുപോയ ഒരു കൂട്ടല്‍ തെറ്റായി അതിനെ വിശാരദന്മാര്‍ നിരീക്ഷിച്ചു.

അവശേഷിച്ചവര്‍ തങ്ങളുടെ നീണ്ട താടി രോമങ്ങളും ജടകെട്ടിയ മുടിയും വെട്ടിവെടിപ്പാക്കി അലസിപ്പോയ ഗര്ഭത്തെയോര്‍ത്തു , പിറക്കാതെ പോയ കുഞ്ഞിനു ശ്രാദ്ധമൂട്ടി അവരവരുടെ മാളങ്ങളിലേക്ക് പിന്‍വലിഞ്ഞു

കുഞ്ഞിക്കണ്ണന്‍ അടിയോടിയുടെ പ്രതാപമൊക്കെ തകര്‍ന്നു. പൂമുഖക്കൊലായിലെ ചാരുകസേരയിലിരുന്നു ദിവസങ്ങള്‍ എണ്ണി തീര്‍ക്കുകയാണയാള്‍ . അധികാരിയും ജാനുവും മ ണ്ണില്‍ അലിഞ്ഞില്ലാതയിരിക്കുന്നു . അശോകന്‍ നാട്ടില്‍ തിരിച്ചെത്തി. ഒപ്പം നിരന്‍ഞനയും കൈക്കുഞ്ഞും. നിലാവ് പെയ്ത ഏതോ രാത്രിയില്‍ അവരലിഞ്ഞു ഒന്നായപ്പോള്‍ നരന്‍ പിറന്നു..അതാണവരുടെ മകന്റെ പേര്. നാട് വളരെയധികം മാറിയിരിക്കുന്നു.

ഗള്‍ഫു നാടുകളില്‍ നിന്നും മറ്റുമായി ഒരുപാട് പണം അവിടെക്കൊഴുകിയെത്തി. ടാറിട്ട റോഡിലൂടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടുന്നു. ഓടിനും ഓലയ്ക്കും പകരം കൊണ്ക്രീറ്റ് വീടുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഷോപ്പിംഗ്‌ മാളുകളും സ്വകാര്യ സ്ഥാപനങ്ങളും കൊണ്ട് ആ പഴയ ഗ്രാമം ഒരു മിനി നഗരമായി തീര്‍ന്നിരിക്കുന്നു. അത്ഭുതങ്ങളുടെ മായിക വലയത്തില്‍ ആദ്യമൊന്നമ്പരന്നുവെങ്കിലും ക്രമേണ അശോകന്‍ യാഥാര്ത്യത്തിലേക്ക് അടുത്തു ..ഒപ്പം അവളും. തന്റെ പഴയവീട് ഒന്ന് വൃത്തിയാക്കി എടുക്കണം ആദ്യം. ജീവിക്കണം .. അതിനൊരു തൊഴിലു കൂടിയേ തീരു. രണ്ടുപേരും തലപുകഞ്ഞാലോചിച്ചു. അവസാനം ഒരു ട്യുഷന്‍ സെന്റര്‍ തുടങ്ങാമെന്ന് തീരുമാനമായി. ആദ്യമൊക്കെ പ്രശ്നങ്ങള്‍ തന്നെയായിരുന്നു. പഴയ പ്രത്യയശാസ്ത്രം മനസ്സില്‍ പലപ്പോഴും ഇടങ്കോലിട്ടു . കണ്ണുകള്‍ യാഥാര്ത്യത്തിന്റെ നേര്‍ക്ക്‌ പാഞ്ഞപ്പോള്‍ അശോകന് കൊമ്പ്രമൈസ് ചെയ്യുകയല്ലാതെ മറ്റു പോംവഴികളില്ലെന്നു മനസ്സിലായി. അതെ ട്യുഷനോടൊപ്പം എന്ട്രന്സ് കൊച്ചിങ്ങും വേണം. അതാണിപ്പോഴത്തെ സ്റ്റയില് .

അശോകന്‍ തയ്യാറാണ്. .. നിഷേധിയായ പഴയ അശോകനില്‍ നിന്നും എന്തിനും വെളുക്കെ ചിരിച്ചു കൊടുക്കുന്ന പുതിയ അശോകന്‍ അതാണ്‌. ജീവിക്കണം .. അതിത്തിരി ആര്ഭാടത്തോട് കൂടി തന്നെ.. പിന്നെ ഇന്നത്തെ ഏതച്ചനെയും പോലെ നരനേയും ഒരു ഡോക്ടറോ കംപ്യുട്ടര്‍ ഇന്ജിനിയറോ അശോകനും ഇഷ്ടപ്പെടുന്നു എന്നത് കേവല സത്യം മാത്രം.

ചെടികള്‍ തളിരിടുകയും പൂക്കുകയും കായ്ക്കുകയും ചെയ്തു. വീണ്ടും വീണ്ടും അതാവര്‍ത്തിക്കപ്പെടുകയും ചെയ്തു.. നരന്‍ വളര്‍ന്നു വലുതായി. ഇന്നിന്റെ യുവത്വമായി. അവിടെ ബന്ധങ്ങളില്ല.. ബന്ധനങ്ങളും. പണമുണ്ടാക്കുക... മാര്‍ഗമൊരു പ്രശ്നമല്ല. അടിച്ചു പൊളിക്കുക. ആകാശത്തോളം പറക്കുക. തളരുന്നതും ചിറകുകള്‍ ഒടിയുന്നതും പിന്നീടുള്ള പ്രശ്നം. അതിലിപ്പോഴേ ആകുലപ്പെടെണ്ടതില്ല .. ആഘോഷങ്ങളുടെ ആഘോഷമായി ജീവിതത്തെ ആസ്വദിക്കുക. തന്റെ ബ്യുഗിള്‍ താടിയില്‍ നരന്‍ ജീവിതത്തെ കൈവെള്ളയിലിട്ടു ആകാശത്തെക്കെറിഞ്ഞു

വര്‍ഷത്തില്‍ പാതിയലധികം യുഎസ്സിലും യുകെയിലും മറ്റു വിദേശ രാജ്യങ്ങളില്‍ കമ്പനിയുടെ വിവിധ അസൈന്‍മെന്റുകളുമായി , ഒരുപാട് പണം ആസ്വദിക്കാന്‍ വിലകൂടിയ മദ്യം , കുടെകിടക്കാന്‍ വിദേശികളും അല്ലാത്തവരുമായി ഒരുപാടൊരുപാട് പെണ്‍കുട്ടികള്‍ , ഗേള്‍ഫ്രെണ്ടായും അല്ലാതെയും . താമസിക്കാന്‍ മുന്തിയ ഹോട്ടലുകള്‍ .... അച്ഛന്റെ പഴയ കന്നുകാലി ക്ലാസ് ... അത് കേള്‍ക്കുമ്പോഴേ നരനു വെറുപ്പും അമര്‍ഷവുമാണ് വരിക. ഒരിക്കല്‍ നിരന്ജനയുടെ ചോദ്യത്തിന് അവന്‍ കൊടുത്ത മറുപടി അശോകന്‍ വെറുതെ ഓര്‍ത്തുപോയി.പത്തിരുപത്തെഴു വയസ്സായില്ലേ, നിനക്കൊരു കല്യാണവും കുടുംബവുമൊക്കെ വേണ്ടേ ..? കല്യാണം .. കുടുംബം , അമ്മ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. അതെല്ലാം ഒരുതരത്തില്‍ നമ്മെ കേട്ടിയിടലല്ലേ.. എന്തിനാ വെറുതെ ...അറിഞ്ഞുകൊണ്ട് ,ഒരു ചരട് വാങ്ങിക്കുന്നത്..? വിസ്തൃതമായ കടലില്‍ പരന്നു കിടക്കുന്ന ജലത്തില്‍ നിന്നും ഒരു കുടം വെള്ളമെടുത്തു മാറ്റി വെയ്ക്കെണ്ടതുണ്ടോ..? പിന്നെ അവള്‍ ഒന്നും മിണ്ടിയില്ല അശോകനും.

വട്ട്യന്‍ രാമന്‍ പണ്ടെന്നോ ബാക്കി വെച്ചുപോയ ഒരു കൂവല്‍ ........ഊഹേയ്., കൈതകളും കണ്ടലുകളും പുഴയുമില്ലെങ്കിലും കോണ്‍ക്രീറ്റ് കാടുകളില്‍ തട്ടി അന്തരീക്ഷത്തില്‍ പടരുന്നതായി അശോകന് തോന്നി. ഒരുപക്ഷെ നിരന്ജനയും അതു തന്നെയായിരിക്കാം ആലോചിക്കുന്നത്......ഊഹേയ്.

No comments:

Post a Comment